ജയ്പൂർ: രാജസ്ഥാനിൽ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പിഞ്ചുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ കൂട്ടത്തോടെ കടിച്ചുകീറുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് രക്ഷകരായത്.
ജയ്പൂരിൽ മെയ് 19ന് നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ കണ്ടുനിൽക്കാൻ കഴിയാത്തവിധം ഭയാനകമാണ്.
കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുട്ടി ഒറ്റയ്ക്കാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് കാണാം.
എന്നാല്‍ കുട്ടിയെ വിടാതെ പിന്തുടര്‍ന്ന് കൂട്ടത്തോടെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് കുട്ടിയെ കടിച്ചുകീറുന്നത് കണ്ട വഴിയാത്രക്കാരാണ് കുട്ടിയുടെ രക്ഷകരായത്.
















