കോട്ടയം: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി വിഷ്ണു (21), ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആൺസുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായത്.
കർണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്നാണ് വെള്ളൂർ പൊലീസ് പ്രതികളെ പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്നതിനാണ് വിഷ്ണുവിന്റെ അമ്മയെയും അവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇൻസ്റ്റഗ്രാം വഴിയാണ് ഇറുമ്പയം സ്വദേശിയായ പെൺകുട്ടി വിഷ്ണുവിനെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടി വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ പെൺകുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ വെള്ളൂർ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പ്രതികളെ പിടികൂടിയത്.
















