ലണ്ടൻ: ഈ വർഷത്തെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ലഭിച്ചു. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്‌കാരത്തിന് അർഹമായത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അമേരിക്കൻ വംശജയായ ഡെയ്സി റോക്ക് വെൽ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ (41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കർ പുരസ്‌കാരം ലഭിക്കുന്നത്.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് 64കാരിയായ ഗീതാഞ്ജലി. ഭർത്താവു മരിച്ചതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിന് അടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. ഗീതാഞ്ജലി ശ്രീ നാല് നോവലുകളും നിരവധി കഥകളും എഴുതിയിട്ടുണ്ട്.
















