കുണ്ടറ: തോരാതെ പെയ്ത മഴയിൽ കാഞ്ഞിരകോട്ട് വീടുകളിൽ വെള്ളം കയറി. പാടം കവിഞ്ഞൊഴുകി എട്ടു വീടുകളിൽ വെള്ളം കയറി. വയലിന് കുറുകെ റോഡ് നിർമിച്ചപ്പോൾ അതിനടിയിലൂടെ സുഗമമായ വെള്ളമൊഴുക്കിനുള്ള സൗകര്യം ചെയ്യാതിരുന്നതാണ് ജലനിരപ്പുയരാനും വീടുകളിൽ വെള്ളം കയറാനും ഇടയാക്കിയത്.
കാഞ്ഞിരകോട് രാധാകൃഷ്ണഭവനിൽ സരസ്വതിയുടെ വീടിന് ചുറ്റും വെള്ളക്കെട്ടായി. റോഡ് പണിതുടങ്ങിയ കാലം മുതൽ ഇവർ പഞ്ചായത്തിലും വില്ലേജിലും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വില്ലേജ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കുണ്ടറ പഞ്ചായത്ത് തണ്ണക്കോട് വാർഡിൽ ചരുവിള വീട്ടിൽ രാജേന്ദ്രപ്രസാദിൻറെയും ചിന്നുഭവനിൽ ചന്ദ്രബാബുവിൻറെയും ഉൾപ്പെടെ വീടുകളിൽ വെള്ളം കയറി. മഹേന്ദ്രൻറെ ഉടമസ്ഥതയിലുള്ള കട്ടകമ്പനിയുടെ മതിൽ ഇടിഞ്ഞു. കമ്പനിയുടെ ഒരു ഭാഗവും തകർന്നു. ആൽത്തറമുകൾ കീർത്തനയിൽ ഷാജിയുടെ വീട്ടിലേക്ക് അയൽ വസ്തുവിലെ മതിൽ ഇടിഞ്ഞുവീണു. കന്നിമേൽമുക്കിൽ പൊതുമരാമത്ത് വകുപ്പ് ഓട മണ്ണ്കയറി മൂടിയതോടെ റോഡ് തോടാകുകയും സമീപത്തെ വീട്ടുമുറ്റങ്ങളിൽ റോഡിൽനിന്നുള്ള വെള്ളമെത്തി വെള്ളക്കെട്ടാകുകയും ചെയ്തു.
















