ഇസ്ലാമബാദ്: പാകിസ്താനിലെ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഉപയോഗം നിർത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി പാക് അസംബ്ലി . വിദേശത്തുള്ള പാക് പൗരന്മാരെ വോട്ടിങ്ങിൽ നിന്ന് തടയാനുള്ള ബില്ലും സഭ പാസാക്കി.
പാർലമെൻററി കാര്യ മന്ത്രി മുർതസ ജാവേദ് അബ്ബാസി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് (ഭേദഗതി) ബിൽ 2022 ലോവർ സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസ്സാക്കുകയായിരുന്നു. ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ് (ജി.ഡി.എ) മാത്രമാണ് ബില്ലിനെ എതിർത്തത്. ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയെ മറികടന്ന് ബിൽ നേരിട്ട് സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ അനുവദിക്കുന്നതിനുള്ള പ്രമേയം ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അബ്ബാസി അവതരിപ്പിച്ചു. സെനറ്റിലേക്ക് വെള്ളിയാഴ്ച ബിൽ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുപ്രിംകോടതി ഇടപെടലിനെ തുടർന്ന് സ്ഥാനം നഷ്ടമായ ഇമ്രാൻ ഖാൻ സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളാണ് പുതിയ ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
















