കൊച്ചി: മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി പി സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കിയ ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയിൽ പറയുന്നു. നാളെ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി.
അനന്തപുരി ഹിന്ദു മഹാസമ്മേളനം, വെണ്ണല എന്നിവിടങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസുകളിലാണ് ഇന്നലെ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരി വിദ്വേഷ പ്രസംഗത്തിൽ ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
പി.സി ജോർജിന്റേത് രാവിലെ ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജോർജിന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റിയത്.
















