ആഗ്ര: താജ്മഹലിനോട് ചേർന്നുള്ള മസ്ജിദിൽ നമസ്‌കരിച്ചതിന് നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ. തെലങ്കാനയിൽ നിന്നുള്ള മൂന്നുപേരും യു.പി അസംഗഢിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായതെന്ന് ആഗ്ര (സിറ്റി) സൂപ്രണ്ട് ഓഫ് പൊലീസ് വികാസ് കുമാർ അറിയിച്ചു.
ബുധനാഴ്ചയാണ് ഹൈദരാബാദിൽ നിന്ന് നാല് യുവാക്കൾ താജ്മഹൽ കാണാൻ ആഗ്രയിൽ എത്തിയത്. താജ് സമുച്ചയത്തിൽ നിർമ്മിച്ച പള്ളിയിൽ വെള്ളിയാഴ്ചകളിൽ മാത്രമേ പ്രാർത്ഥന അനുവദിക്കൂ. ഇതറിയാതെയാണ് യുവാക്കൾ ഇവിടെ നമസ്‌കരിച്ചത്. ആറു പേർ നമസ്‌കരിക്കുന്നതായി കണ്ടെങ്കിലും രണ്ടു പേർ ഓടി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ താജ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും എസ്പി അറിയിച്ചു. 153-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളിയാഴ്ചകളിൽ മാത്രമാണ് താജ്മഹൽ മസ്ജിദിൽ നമസ്‌കാരത്തിന് അനുമതിയുള്ളത്. അതും മുസ്‌ലിം കാർഡുളള്ള സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമാണ് അനുമതി. മറ്റു ദിവസങ്ങളിൽ ഇവിടെ നമസ്‌കരിക്കാൻ പാടില്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
















