പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയതാരമാണ് മോഹൻലാൽ. നടനായും പാട്ടുകാരനായും തിളങ്ങിയ താരമിപ്പോൾ സംവിധായകന്റെ മേലങ്കി കൂടി ധരിച്ചിരിക്കുകയാണ്. ബറോസ് എന്നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്.
രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോഗിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
















