കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി മമതാ ബാനര്‍ജി സര്‍ക്കാര്‍. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.
മെയ് 26 വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്താവും ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കുക. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും പുതിയ ചാൻസലർ. ഇതോടെ മമത ബാനർജിയും ഗവർണർ ജഗദീപ് ധൻകറും തമ്മിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.
രാജ്ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സംസ്ഥാനത്തെ 17 സർവകലാശാലകളുടെ ചാൻസലറാണ് ഗവർണർ. കൽക്കട്ട സർവകലാശാല, ജാദവ്പൂർ സർവകലാശാല, കല്യാണി സർവകലാശാല, രബീന്ദ്ര ഭാരതി സർവകലാശാല, വിദ്യാസാഗർ സർവകലാശാല, ബർദ്വാൻ സർവകലാശാല, നോർത്ത് ബംഗാൾ സർവകലാശാല എന്നിവ ഇവയിൽ ചിലതാണ്.
എന്നാൽ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ പ്രധാനമന്ത്രിയാണ്. ഗവർണർ റെക്ടറാണ്.
ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് നിർണായക തീരുമാനം സർക്കാർ കൈ കൊണ്ടത്. കേരളമടക്കം ഗവർണറും സർക്കാരും രണ്ടു തട്ടിൽ നിൽക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ദിശയിൽ നിയമനിർമ്മാണം നടത്താൻ സാധ്യതയുണ്ട്.
















