കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം സിബിഐയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ചൈനീസ് വിസ അഴിമതിക്കേസിലാണ് കാർത്തി ചിദംബരം സിബിഐക്ക് മുന്നിൽ ഹാജരായത്. തനിക്കെതിരായ എല്ലാ കേസുകളും വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് കാർത്തി ചിദംബരം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് പൗരന്മാർക്ക് വിസ ഏർപ്പാടാക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ലെന്നും കാർത്തി ചിദംബരം കൂട്ടിച്ചേർത്തു.വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ കാർത്തി ചിദംബരത്തിന് നോട്ടീസ് അയച്ചിരുന്നു.
‘എനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണ്. അതിൽ ഏറ്റവും വലിയ കള്ളക്കേസാണിത്’ എന്നാണ് കാർത്തി ചിദംബരം പറഞ്ഞത്. കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ 16 മണിക്കൂറിനുള്ളിൽ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് വിദേശത്ത് നിന്നും കാർത്തി ചിദംബരം നാട്ടിലെത്തിയത്.
അതേസമയം അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മൂന്ന് ദിവസത്തിന് മുൻപ് കാർത്തി ചിദംബരത്തിന് നോട്ടീസ് അയക്കണമെന്നും കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. പിതാവ് പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരക്കെ, കാർത്തി ചിദംബരം പണം വാങ്ങി ചൈനീസ് പൗരന്മാർക്ക് വിസ ലഭ്യമാക്കുന്നതിൽ ഇടപെട്ടു എന്നാണ് ആരോപണം.
















