കപില്‍ സിബലിന്റെ രാജിയെ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി . സൗഹാര്‍ദ്ദപരമായ രീതിയിലാണ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടതെന്നാണ് കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കപിൽ സിബലിന്റെ രാജിയിൽ പ്രതികരിക്കുന്നത്.
കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായക്കാര്‍ക്ക് സ്ഥാനമില്ലെന്ന് കപില്‍ സിബലിന്റെ രാജി തെളിയിച്ചെന്ന് ബിജെപി പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ലെന്നും അത് ഒരു കുടുംബ പാര്‍ട്ടിയാണെന്നുമാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല പറയുന്നത്.
‘സിബലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. അദ്ദേഹം കോണ്‍ഗ്രസുമായി ദീര്‍ഘകാലമായി ബന്ധമുള്ള ആളായിരുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാനവും വലിയ ബഹുമാനവും നല്‍കി. ഓരോരുത്തര്‍ക്കും അതിമോഹമുണ്ട്, അവനവന്റെ ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്’. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതെന്ന ചോദ്യത്തിന് 70 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലായിരുന്നുവെന്നും ഇന്ന് അധികാരത്തിലില്ലാത്തപ്പോള്‍ അധികാരം മാത്രം ആഗ്രഹിക്കുന്ന പലരും പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേക്ക് പോകുകയാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. പ്രത്യയശാസ്ത്രത്തോടുള്ള കപില്‍ സിബലിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു. ഒരു രാജ്യസഭാ സീറ്റിന് വേണ്ടി മാത്രമാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്ന് വിശ്വസിക്കാന്‍ തയ്യാറല്ലെന്നും താരിഖ് പറഞ്ഞു .
















