നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്ന് അതിജീവിത.സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സംതൃപ്തയാണെന്നും അതിജീവിത പറഞ്ഞു.
എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് അതിജീവിത പറഞ്ഞു. വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കാനോ ആരുടെയും വായടപ്പിക്കാനോ ഇല്ല. സര്‍ക്കാരിനെതിരെ ഒന്നും സംസാരിച്ചിട്ടില്ല. കോടതിയിലെ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്നും അതിജീവിത വ്യക്തമാക്കി.
മുഖ്യമന്ത്രിയോടു സംസാരിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു പറയുന്നില്ല. വളരെ പോസിറ്റീവായ മറുപടിയാണ് മുഖ്യമന്ത്രിയിൽനിന്നും ലഭിച്ചത്. അന്വേഷണം നീളുമ്പോൾ സ്വാഭാവികമായി മാനസിക വിഷമം കേസുമായി മുന്നോട്ടുപോകുന്ന എല്ലാവർക്കും ഉണ്ടാകും. പോരാടാൻ തയാറാണെന്നും കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു.
സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങിനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.മന്ത്രിമാരുടെ വിമര്‍ശനത്തെക്കുറിച്ചു പ്രതികരിക്കാനില്ല. തന്റെ അതിജീവനത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. ഹര്‍ജിക്കു പിന്നില്‍ യുഡിഎഫ് ആണെന്ന ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
















