അടിമാലി: റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതിയായ റേഞ്ച് ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുൻ റേഞ്ച് ഓഫിസർ ജോജി ജോണാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച രാത്രി എട്ടോടെ വെള്ളത്തൂവൽ സി.ഐ കുമാറാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ സെക്ഷൻ ഫോറസ്റ്റർ സതീഷ് കുമാറിനെയും അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തിൽ വിട്ടു. മറ്റൊരു പ്രതിയായ വില്ലേജ് അസിസ്റ്റൻറ് രഞ്ജിത്ത് നേരത്തേ ജാമ്യം നേടിയിരുന്നു.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതിനും നിർദേശിച്ചതിനെ തുടർന്നാണ് ജോജി ജോൺ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 2021 സെപ്റ്റബറിലാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ജോജി ജോൺ ഉൾപ്പെടെയുള്ളവർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അടിമാലി സി.ഐ സുധീറിൻറെ റിപ്പോർട്ട് പ്രകാരമാണ് വെള്ളത്തൂവൽ പൊലീസ് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുത്തത്. ഹൈകോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യത്തിനായി ജോജി ജോൺ ഹരജി നൽകിയിരുന്നു. കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിൽ ഹാജരായത്. കൊന്നത്തടി വില്ലേജിലെ മങ്കുവയിൽ റവന്യൂ ഭൂമിയിൽനിന്നടക്കം എട്ട് തേക്ക് മരങ്ങൾ മറിച്ചുകടത്തിയ സംഭവത്തിൽ ജോജി ഒന്നാം പ്രതിയായാണ് പൊലീസ് കേസ് എടുത്തത്.
















