കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച . കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സർക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമർശനമുയർത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.
പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടിയുടെ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയരുന്നു. കൂടിക്കാഴ്ചയിൽ കേസ് അന്വേഷണത്തിൻറെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നൽകാത്തതും ചൂണ്ടിക്കാട്ടും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും.
















