ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് വൈകിട്ടാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവരുടെ ബന്ധുവായ 10 വയസുകാരിക്ക് വെടിവയ്പിൽ പരിക്കേറ്റു. എന്നാൽ കുട്ടി അപകട നില തരണം ചെയ്തു.
സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ അമ്രീൻ വീടിന് പുറത്ത് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ അമ്രീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്. പോലീസ് പ്രദേശം വളയുകയും അക്രമികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
















