ന്യൂഡൽഹി: കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിനതടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 10,000 രൂപ പിഴയും വിധിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കശ്മീർ വിഘടനവാദി നേതാവിനെതിരെ തെളിഞ്ഞത്. നേരത്തെ യാസിൻ മാലിക് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
മാലിക്കിനെതിരെ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നൽകണമെന്ന് ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും പരമാവധി ശിക്ഷ വധശിക്ഷയുമാണ്.
എന്നാൽ ആയുധം താഴെയിട്ടിട്ട് വർഷങ്ങൾ ആയെന്നും തികഞ്ഞ ഗാന്ധിയനായിട്ടാണ് താൻ ജീവിക്കുന്നതെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും അംഹിസാ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും യാസിൻ മാലിക് പറഞ്ഞു. കേസിൽ യാസിൻ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എൻഐഎ കോടതി ജഡ്‌ജി പ്രവീൺ സിങ് വിധിച്ചിരുന്നു,
യാസീൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എൽ.എഫ്( ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്) പാർട്ടിയെ 2019 മാർച്ചിൽ നിരോധിച്ചിരുന്നു. യു.എ.പി.എ പ്രകാരം കേന്ദ്ര സർക്കാരാണ് പാർട്ടിയെ ജമ്മു കശ്മീരിൽ നിരോധിച്ചിരുന്നത്. അന്ന് യാസീൻ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബൽവാൽ ജയിലിൽ പാർപ്പിച്ചിരുന്നു.
















