എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍. വിഴിഞ്ഞം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. നേരത്തെ പാലാരിവട്ടത്ത് നിന്ന് ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെ കോടതി റദ്ദാക്കിയിയിരുന്നു. ഇതിനെ തുടര്‍ന്ന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു.
കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ പി.സി.ജോർജ് 10 ദിവസത്തിനകം ലംഘിച്ചെന്നും ഇക്കാരണത്താൽ ജാമ്യം റദ്ദാക്കുകയാണെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ (രണ്ട്) ഉത്തരവിൽ പറയുന്നു. മറ്റു മതവിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്ന നിർദേശത്തോടെയാണ് ജാമ്യം നൽകിയതെങ്കിലും പി.സി.ജോർജ് പത്തു ദിവസത്തിനുള്ളിൽ ഈ നിർദേശം ലംഘിച്ചു.
നാലാമത്തെ ജാമ്യ വ്യവസ്ഥയുടെ ലംഘനമാണിത്. മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നായിരുന്നു നാലാമത്തെ ജാമ്യ വ്യവസ്ഥ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് പി.സി.ജോർജിനു ജാമ്യം അനുവദിച്ചതെന്നും ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഈ കേസിൽ ഹൈക്കോടതി നിർദേശം ബാധകമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം ലഭിച്ചശേഷം വഞ്ചിയൂർ ജുഡീഷ്യൽ ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ മാധ്യമങ്ങളെ കണ്ട പി.സി.ജോർജ്, താൻ മുൻപ് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പിന്നീട്, വെണ്ണല ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗവും മതസൗഹാർദം തകർക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ പ്രസംഗത്തിന്റെ സിഡി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. പ്രാദേശിക ഓൺലൈനിൽ വന്ന ദൃശ്യമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. വിഡിയോയിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
വെണ്ണലയിൽ പി.സി.ജോർജ് നടത്തിയ പ്രസംഗത്തിന്റെ സ്ക്രിപ്റ്റും കോടതിയിൽ സമർപിച്ചിരുന്നു. ഇതിന്റെ ആദ്യഭാഗങ്ങൾ ഹിന്ദു സമ്മേളനത്തിൽ പറഞ്ഞതിന്റെ ന്യായീകരണമായി തോന്നുമെങ്കിലും പിന്നീടുള്ള ഭാഗങ്ങൾ പ്രകോപനപരമായ കാര്യങ്ങളാണെന്നു കോടതി ഉത്തരവിൽ പറയുന്നു.
















