വെണ്ണലയിലെ മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍. കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പി.സി ജോര്‍ജിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.
ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു. മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി ജോര്‍ജ് ഹാജരായത്. പി.സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ നീക്കിയത്.
പി.സി. ജോർജിനെതിരേ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ജോർജ് ഹാജരാകുന്ന വിവരമറിഞ്ഞെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. അസി. കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ വന്നതോടെയാണ് അറസ്റ്റുണ്ടായത്. വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും പി.സി ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്.
















