വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി അറിയിച്ചു.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റിയിരുന്നു. ഇന്ന് തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന.പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സിഡി കോടതി നേരത്തേ പരിശോധിച്ചിരുന്നു. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
















