കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി.
ഉമ തോമസിന്റെ ഭർത്താവ് മുൻ എം.എൽ.എ പി.ടി. തോമസിന് ബാങ്കുകളിൽ വായ്പാ കുടിശ്ശികയുള്ളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശ്ശികയുള്ളതും മറച്ചുവെച്ചാണ് പത്രിക നൽകിയതെന്ന് കാട്ടി സ്വതന്ത്ര സ്ഥാനാർഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്.
തെരഞ്ഞെടുപ്പ് ഹരജിയായാണ് നൽകേണ്ടതെന്നും റിട്ട് ഹരജി നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്. റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയെങ്കിലും നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
















