ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു.അൻച്ചാർ സ്വദേശി സെയ്ഫുള്ള ഖാദ്രിയാണ് വീരമൃത്യു വരിച്ചത്.ശ്രീനഗറിലെ സൗര മേഖലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ഏഴ് വയസ്സുള്ള മകളെ എടുത്ത് കളിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
വാഹനത്തിൽ എത്തിയ ഭീകര സംഘം അദ്ദേഹത്തിന് നേരെ തുടരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെയ്ഫുള്ളയ്‌ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
















