കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. ജീവപര്യന്തം ശിക്ഷയാണ് താന്‍ പ്രതീക്ഷിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു. അവസാനം വരെ അവളുടെ കൂടെ ഉണ്ടായിരുന്നത് ഞാനാണ്, അതി കഠിനമായ പീഡനങ്ങള്‍ എന്റെ മോള് അനുഭവിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു.
അവസാന സമയത്തൊന്നും മോളെ കിരണ്‍ വീട്ടില്‍ നിന്ന് പുറത്തിറക്കില്ലായിരുന്നു. ബാത്ത്റൂമില്‍ നിന്നൊക്കെയാണ് മോളെന്നെ എപ്പോഴും വിളിച്ചിരുന്നത്. കിരണ്‍ മാത്രമാണ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല, അവന് മറ്റാരുടെയൊക്കെയോ പ്രേരണ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രേരണ കൊണ്ടാണ് കിരണ്‍ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് വിശ്വസിക്കുന്നുവെന്നും വിസ്മയുടെ അമ്മ പറയുന്നു.
















