നിരവധി തീവ്രവാദ കേസുകളില്‍ ഇന്ത്യ കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി തിരയുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍. ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്ന് ദാവൂദിന്റെ അനന്തരവന്‍ അലിഷാ പാര്‍ക്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഭീകരര്‍ക്ക് പാകിസ്താന്‍ അഭയം നല്‍കുന്നുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
1986ഓടെ ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടിരുന്നുവെന്ന് അലിഷാ പാര്‍ക്കര്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. 1986 വരെ ദക്ഷിണ മുംബൈയിലെ ദംബര്‍വാല കെട്ടിടത്തിന്റെ നാലാം നിലയിലാണ് ദാവൂദ് താമസിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് വിവിധ സ്രോതസ്സുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കേട്ടിട്ടുണ്ടെന്നും ആഘോഷവേളകളില്‍ ദാവൂദിന്റെ ഭാര്യയെ തന്റെ കുടുംബം ആശംസിക്കാറുണ്ടെന്നും അലിഷാ പാര്‍ക്കര്‍ വെളിപ്പെടുത്തി.
ഐക്യരാഷ്ട്ര സംഘടന ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയായി മുദ്രകുത്തിയിരുന്നു. 1993-ലെ ബോംബെ സ്ഫോടനത്തെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 2003-ല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
















