ചെറുപുഴ: തിരുമേനി ടൗണിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ കൂട്ടത്തല്ലിൽ ആറുപേർക്ക് പരിക്കേറ്റു. സംഘർഷത്തിനുപിന്നാലെ ഹോട്ടലും തട്ടുകടയും തകർക്കുകയും ഇരുചക്രവാഹനങ്ങൾ റോഡിനു താഴേക്ക് മറിച്ചിടുകയും ചെയ്തു.
സംഭവത്തിൽ എട്ടുപേർക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് ചേരിതിരിഞ്ഞ് വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ചുമട്ടുതൊഴിലാളികളായ കെ.എം. ബിജോ (40), കെ.കെ. മനു (30), പ്രാപ്പൊയിലിലെ സന്ദീപ് (28) എന്നിവർക്കും തകർക്കപ്പെട്ട ഹോട്ടലിന്റെ ഉടമ കുര്യാശ്ശേരി സുരേഷിന്റെ മക്കളായ ജിഷ്ണു (22), വിഷ്ണു (20), ഇവരുടെ സുഹൃത്ത് പി. പ്രശോഭ് (22) എന്നിവർക്കുമാണ് പരിക്കേറ്റത്.
രാത്രിതന്നെ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കിയെങ്കിലും രാത്രി വൈകി ഹോട്ടൽ അടിച്ചുതകർക്കുകയും പെട്ടിക്കട മറിച്ചിടുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ചുമട്ടുതൊഴിലാളികളുടെ പരാതിയിലാണ്, പരിക്കേറ്റവർ ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട എട്ടുപേർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടൽ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു.
















