ഇരിട്ടി: പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. കുടുംബാരോഗ്യ കേന്ദ്രത്തിനായി വള്ളിത്തോട് നിർമിച്ച 2.18 കോടിയുടെ കെട്ടിട സമുച്ഛയം ബുധനാഴ്ച രാവിലെ 11ന് മന്ത്രി വീണ ജോർജ് നാടിനു സമർപ്പിക്കും.
വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് കെട്ടിടം പൂർണമായും തകർന്നത്.
അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സണ്ണി ജോസഫ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. അശോകൻ എന്നിവരുടെ ശ്രമഫലമായാണ് പുതിയ കെട്ടിടം നിർമിക്കാൻ നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽനിന്നും 2.18കോടി രൂപ അനുവദിച്ചത്.
വള്ളിത്തോട് ഷാരോൺ ഫെലോഷിപ് ചർച്ച് സൗജന്യമായി നൽകിയ ഒന്നര ഏക്കോറോളം വരുന്ന സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഷാരോൺ ചർച്ചിന്റെ പഴയ കെട്ടിടത്തിലാണ് താൽക്കാലികമായി ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
രണ്ട് സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
അത്യാഹിത വിഭാഗം, ഗർഭകാല പരിശോധന, വയോജന ക്ലിനിക്, പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടൽ കേന്ദ്രം, മൂന്ന് ഒ.പി കൗണ്ടറുകൾ, ലബോറട്ടറി, ഫാർമസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേകം സൗകര്യമുണ്ടാകും.
















