തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരണം കൊഴുക്കുകയാണ്. സ്വന്തം സ്ഥാനാർഥികളുടെ പ്രചരണത്തോടൊപ്പം പരസ്പരമുള്ള കടന്നാക്രമങ്ങളും പഴിചാരലുകളും സജീവമാണ്. ഇത്തരത്തിൽ തൃക്കാക്കരയിൽ സിപിഎമ്മിൽ കൂട്ടരാജി എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘തൃക്കാക്കരയിൽ CPMൽ നിന്ന് കൂട്ടരാജി…. രാജി വെച്ചവർ ഉമ തോമസിൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ ചിത്രം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള ചീക്കോട് പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന ചെറുപ്പക്കാരുടേതാണ്.
തൃക്കാക്കരയിൽ സിപിഎമ്മിൽനിന്നോ പോഷക സംഘടനകളിൽനിന്നോ അടുത്തിടെ ആളുകൾ രാജിവെച്ചതിന്റെ വാർത്താ റിപ്പോർട്ടുകൾ ലഭ്യമായിരുന്നില്ല. പ്രചരിക്കുന്ന ചിത്രം ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് സെർച്ച് ചെയ്ത് പരിശോധിച്ചെങ്കിലും വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. തുടർന്ന് ഈ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഓരോന്നായി പരിശോധിച്ചു. ഈ അന്വേഷണത്തിൽ ഇവർ സിപിഎം ബന്ധം അവസാനിപ്പിച്ച തൃക്കാക്കരയിലെ പ്രവർത്തകരുടെ ചിത്രമാണ് എന്ന വാദം നിരാകരിച്ചുകൊണ്ടുള്ള പല കമൻറുകളും കണ്ടെത്താനായി. ഇത് മലപ്പുറത്തെ ചീക്കോട് പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ചെറുപ്പക്കാരുടെ ചിത്രമാണെന്നാണ് ഈ കമന്റുകൾ പറഞ്ഞത്.
‘മലപ്പുറം’ ‘ചീക്കോട്’ മുതലായ കീവേർഡുകൾ ഉപയോഗിച്ച് ഫേസ്‌ബുക്കിൽ തെരഞ്ഞപ്പോൾ പ്രചരിക്കുന്ന ഫോട്ടോ ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകൾ കണ്ടെത്താനായി. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്ത ആളുകളെ ബന്ധപ്പെട്ടപ്പോൾ ചീക്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഷംസു സികെയുടെ ഫോൺ നമ്പർ ലഭിച്ചു. ഈ ചിത്രത്തിലുള്ളവർ ചീക്കോട് പഞ്ചായത്തിലുള്ളവർ ആണെന്നും, മെയ് 13 വെള്ളിയാഴ്ച ചീക്കോടുള്ള കോൺഗ്രസ്സ് ഓഫീസിൽ വെച്ചു പകർത്തിയതാണെന്നും ഷംസു പറഞ്ഞു. ഇതിൽനിന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ സിപിഎമ്മിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ചെറുപ്പക്കാരുടേത് എന്നനിലയിൽ പ്രചരിക്കുന്നത് മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപ്പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ എത്തിയവരെ പ്രദേശത്തെ പാർട്ടി പ്രവർത്തകർ ചേർന്ന് സ്വീകരിക്കുന്ന ചിത്രമാണ് എന്ന് ഉറപ്പിക്കാനായി.