ന്യൂഡൽഹി: ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് ബംഗാൾ ബിജെപി എംപി ദിലീപ് ഘോഷ്. തത്വങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം പ്രവർത്തിക്കാത്തവർക്ക് ബിജെപിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിങ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടിഎംസി പ്രവർത്തകനായിരിക്കെ അർജുൻ സിംഗ് ബോംബ് നിർമിച്ചിട്ടുണ്ടെന്ന് ദിലീപ് മുമ്പ് ആരോപിച്ചിരുന്നു. ഇത് ശരിയാണെങ്കിൽ എന്തിനാണ് അദ്ദേഹത്തെ ബിജെപിയിൽ ചേർത്തതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. നിരവധി ആളുകളെ പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, രാഷ്ട്രീയത്തിൽ ബോംബ് നിർമ്മാണം സാധാരണ കാര്യമാണെന്നും അദ്ദേഹം മറുപടിയായി നൽകി.
രാഷ്ട്രീയ മൂല്യങ്ങൾക്ക് വില നൽകാത്ത ആളുകൾക്ക് ബിജെപിയിൽ തുടരാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ ടിഎംസി വിട്ട് ബിജെപിയിൽ എത്തിയ അർജുൻ സിംഗ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി ചെന്നിരുന്നു. മമത ബാനർജിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
















