എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാലയങ്ങളാക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.’മദ്രസ’ എന്ന വാക്ക് ഇല്ലാതാകണമെന്നാണ് അസം മുഖ്യമന്ത്രി പറയുന്നത്. ഹൈദരാബാദ് മൗലാന ആസാദ് സര്‍വകലാശാലയുടെ മുന്‍ ചാന്‍സലറോട് പ്രതികരിക്കവെയാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
‘മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നതുവരെ, കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയര്‍മാരോ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. മദ്രസകളില്‍ പഠിച്ചാല്‍ അവര്‍ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ തന്നെ പോകാന്‍ വിസമ്മതിക്കും. നിങ്ങളുടെ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുക, പക്ഷേ അത് വീട്ടില്‍ തന്നെയാകണം. കുട്ടികളെ മദ്രസകളില്‍ പ്രവേശിപ്പിക്കുന്നത് അവരുടെ മനുഷ്യാവകാശ ലംഘനമാണ്’എന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.സയന്‍സ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവയിലായിരിക്കണം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത്. സ്‌കൂളുകളില്‍ സാധാരണ വിദ്യാഭ്യാസം വേണം. മതഗ്രന്ഥങ്ങള്‍ വീട്ടില്‍ പഠിപ്പിക്കാം. കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രൊഫസറുകളും ശാസ്ത്രജ്ഞരും ആകാന്‍ വേണ്ടിയാകണം സ്‌കൂളുകളില്‍ പഠിക്കേണ്ടതെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്നും ഇന്ത്യയില്‍ മുസ്ലീമായി ആരും ജനിച്ചിട്ടില്ലെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു .
2020ല്‍ മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അസം തീരുമാനിച്ചിരുന്നു. ഈ വര്‍ഷം, ഗുവാഹത്തി ഹൈക്കോടതി അസം റിപ്പീലിംഗ് ആക്ട്, 2020 ശരിവച്ചു. സര്‍ക്കാര്‍ ധനസഹായമുള്ള എല്ലാ മദ്രസകളും സംസ്ഥാനത്തെ ജനറല്‍ സ്‌കൂളുകളാക്കി മാറ്റണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
















