സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണത്തോടൊപ്പം 2020 ജനുവരി മുതൽ നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ പരിശോധന കർശനമാക്കുന്നു.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആണ് പരിശോധന ശക്തമാക്കുന്നത്.ജനുവരിയിൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ചതാണെങ്കിലും ഇപ്പോഴും പല വ്യാപാര സ്ഥാപനങ്ങളിലും ഇവ ലഭിക്കും.
കഴിഞ്ഞ ഒരു മാസമായി തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാൻ വ്യാപാരസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയാണ്.ഫ്ലെക്സ്, പ്ലാസ്റ്റിക് ക്യാരിബാഗ് ഉൾപ്പെടെ ഉള്ള വസ്തുക്കളുടെ നിരോധനത്തിനു നടപടി സ്വീകരിക്കാൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഫെബ്രുവരിയിൽ തദ്ദേശവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് ഇപ്പോൾ കർശനമാക്കുന്നത് . ഇതു ലംഘിച്ചാൽ 10,000 മുതൽ 50,000 രൂപ വരെയാണു പിഴ ഈടാക്കുക.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പെർ സ്ക്വയർ മീറ്റർ) കുറഞ്ഞ നോൺ വൂവൺ ബാഗുകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.സംസ്ഥാനത്തു കോവിഡ് വരുത്തിയ വ്യാപാരമേഖലയിലെ പ്രതിസന്ധി മൂലം കർശന നടപടികൾ അന്ന് എടുത്തില്ല. എങ്കിലും ഇത്തരം വസ്തുക്കൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് 2020 മുതൽ സംസ്ഥാനത്തു ലൈസൻസ് നൽകുന്നില്ലെന്ന് ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു.
















