ഡൽഹിയിൽ കനത്ത മഴയും കാറ്റും.ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയെത്തുടർന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു.
ഡൽഹി വിമാനത്താവളത്തിൽനിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സർവീസുകൾ മുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.
ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടിമിന്നൽ മൂലം കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
















