തിരുവനന്തപുരം: വിതുരയിൽ പുരയിടത്തിൽ കാട്ടുപന്നിയ്ക്ക് വച്ച വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് അഞ്ജാതൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിതുര മേമലയിലെ വീടിനോട് ചേർന്ന പുരയിടത്തിൽ രാവിലെ ഒമ്പതരയ്ക്കാണ് മൃതദേഹം കണ്ടത്. നഗ്നമൃതദേഹത്തിലെ വസ്ത്രം തലയിൽ മൂടിയിട്ട നിലയിലായിരുന്നു. അനുമതിയില്ലാതെ വൈദ്യുക്കമ്പി വലിച്ചതിനാണ് വീട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഷോക്കേറ്റ് മരിച്ച അഞ്ജാതനെ തിരിച്ചറിഞ്ഞു. ഇയാൾ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജൻ (51) ആണെന്ന് വിതുര പൊലീസ് പറഞ്ഞു. ശെൽവരാജനെ ഇന്നലെ മുതൽ കാണാനില്ല എന്നു പറഞ്ഞ് ഭാര്യ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഇന്ന് വൈകിട്ട് പരാതി നൽകി. വിതുര പൊലീസ് കാണാതായവരെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ഇത് ശെൽവരാജൻ എന്ന് മനസ്സിലായത്.
എന്തിന് ഇയാൾ മേമലയിൽ എത്തി എന്നതിന് ദുരൂഹത ഉണ്ട്. ആരെ കാണാൻ വന്നു, എവിടെ വന്നു എന്നതിനെ കുറിച്ച് വിതുര പൊലീസ് അന്വേഷിക്കുന്നുണ്ട്. ശെൽവരാജന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും.