തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് (കുരങ്ങുപനി). തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസ്സുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.
വസൂരി പോലെ, പക്ഷെ തീവ്രത കുറവാണ്
കുരങ്ങുപനി വസൂരിക്ക് സമാനമാണെങ്കിലും ഓർത്തോപോക്സ് എന്നറിയപ്പെടുന്ന വൈറസുകളുടെ ഗണത്തിൽപ്പെടുന്ന മങ്കിപോക്സ് വൈറസിന് തീവ്രത കുറവാണ്. ഇത് സാധാരണയായി ആഫ്രിക്കയിലും ആഫ്രിക്കയിലെ മഴക്കാടുകളിലും ആണ് കാണുന്നത്. പനി, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്‌സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. ടിഷ്യു സാമ്പിളുകൾ വഴിയാണ് രോഗനിർണ്ണയം നടത്തുന്നത്. രോഗം ബാധിച്ചാലും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സ്വയം സുഖപ്പെടും.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും
പനി പോലുള്ള രോഗലക്ഷണങ്ങൾക്ക് പുറമേ ലിംഫ് ഗ്രന്ഥികളിലെ വീക്കമാണ് കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇത് എലി, കുരങ്ങ്, അണ്ണാൻ എന്നീ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും എന്നതാണ് മറ്റൊരു വ്യത്യാസം. മൃഗത്തിന്റെ രക്തവുമായോ ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പനി പടരും.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെങ്കിലും അതത്ര സാധാരണമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന സമ്പർക്കത്തിലൂടെയാണ് ഇപ്രകാരം രോഗം പടരുക. മുഖാമുഖ സമ്പർക്കമുണ്ടാകുമ്പോഴാണ് ഒരാളിൽ നിന്ന് മറ്റൊരാൾക്ക് രോഗം കിട്ടുക. ശരീര ദ്രാവകങ്ങളിലൂടെയും രോഗം മറ്റൊരാളിലേക്ക് പടരാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴിയും വൈറസ് പടരാം.
ലക്ഷണങ്ങള്‍
സാധാരണഗതിയില്‍ കുരങ്ങുപനിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍, ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, നടുവേദന, പേശിവേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
ചികിത്സ
വൈറല്‍ രോഗമായതിനാല്‍ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്കു വാക്‌സിനേഷന്‍ നിലവിലുണ്ട്
പ്രതിരോധം
അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വൈറസ് അണുബാധയ്ക്കുള്ള പ്രധാന കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.
















