മലപ്പുറം: പ്രവാസി ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അലി മോൻ , അൽത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മർദിച്ച കേസില്‍ ഈ അഞ്ചുപേരെയും ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ അനസ് ബാബുവിന്‍റെ വാടക റൂമിൽ വെച്ച് സംഘം മൂന്ന് ദിവസം ക്രൂരമായി ജലീലിനെ മർദിച്ചുവെന്ന് മലപ്പുറം എ.സ് പി അറിയിച്ചു. കൊല്ലപ്പെട്ട ജലീല്‍ സ്വര്‍ണം കടത്തിയ ആളാണെന്നും ഗോൾഡ് കാരിയറായാണ് ജലീല്‍ എത്തിതെന്നും പൊലീസ് പറഞ്ഞു.
അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേറ്റ ക്ഷതത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതേസമയം, കേസിലെ മുഖ്യപ്രതിയും മരിച്ച അഗളി സ്വദേശി അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത യഹിയയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിലാണ്.
ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്താഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ ജലീല്‍ 15-ാം തീയതി രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വിമാനമിറങ്ങിയെന്ന വിവരമറിയിച്ചു. വീട്ടുകാര്‍ ജലീലിനെ കൂട്ടാനായി പുറപ്പെട്ടെങ്കിലും അവരോട് തിരികെ മടങ്ങാനാണ് ജലീല്‍ പറഞ്ഞത്. കൂട്ടുകാരനൊപ്പം വീട്ടിലെത്താമെന്നും അറിയിച്ചു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ വീട്ടുകാര്‍ അഗളി പോലീസില്‍ പരാതി നല്‍കി. പിറ്റേദിവസം വീട്ടുകാര്‍ ജലീലിനെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കുകയും പരാതി നല്‍കിയ കാര്യം അറിയിക്കുകയും ചെയ്തു. പരാതി പിന്‍വലിക്കാനും അടുത്തദിവസം വീട്ടില്‍ വരുമെന്നുമായിരുന്നു ജലീലിന്റെ മറുപടി. എന്നാല്‍ ഇതിനുശേഷം ജലീലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അജ്ഞാതന്‍ ഫോണ്‍വിളിച്ച് അറിയിച്ചത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് ഒളിവില്‍പോയ യഹിയ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
















