പൂഞ്ഞാര്‍: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസ് പരിശോധന. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍ എം.എല്‍.എ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയത്.
പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല. അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് തളളിയിരുന്നു. പ്രസംഗം മതസ്പര്‍ധയ്ക്കും ഐക്യം തകരാനും കാരണമാകുമെന്ന് കോടതി പരാമര്‍ശിച്ചു.
വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോർജിന്റെ വാദം.
എന്നാല്‍, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി കൊച്ചിയിലും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് അറിയില്ലേ എന്ന് വാദത്തിനിടെ കോടതിയും ജോർജിനോടു ചോദിച്ചു.
പി.സി.ജോര്‍ജിനെതിരെ ശക്തമായ തെളിവുണ്ടെങ്കിലും അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോർജിന്റെ മകൻ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
















