കൊച്ചി :മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ അനുറാം .സിനിമ എല്ലായിടത്തും സൂപ്പർ സ്റ്റാറുകൾക്ക് ജന്മം നൽകിയിട്ടുണ്ട്. എല്ലാ ദേശങ്ങളിലും ഭാഷകളിലും. ചില സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി ആത്മാഹുതി വരെ ചെയ്യുന്ന സമൂഹങ്ങളെ വരെ മലയാളിക്ക് അടുത്ത് അറിയാം.അങ്ങനെ ഒന്നുമില്ലാത്ത ഈ പ്രബുദ്ധ കേരളത്തിൽ അംഗീകാരങ്ങളുടെ ഘോഷയാത്ര കഴിഞ്ഞു തിടമ്പ് ഏറ്റി നിൽക്കുമ്പോഴും മോഹൻലാൽ എന്ന നടൻ നിരന്തരം വിമർശിയ്ക്കപ്പെടുന്നത് എന്ത് കൊണ്ടെന്നു അറിയാമോ? മോഹൻലാലിന് എയ്ഡ്‌സ് ആണ് കാൻസർ ആണ് എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നത് എന്ത് കൊണ്ട്? സോഷ്യൽ മീഡിയയും ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത കാലത്ത് മോഹൻലാൽ അന്തരിച്ചു എന്ന് വ്യാജ വാർത്ത പ്രചരിച്ചിട്ട് പത്രമാധ്യമങ്ങളുടെ ഓഫീസിൽ ഫോൺ കാളുകൾ കൊണ്ട് നിറഞ്ഞതും മുടവന്മുകളിലെ വീട്ടിലേക്കു കറുത്ത കൊടി വെച്ച കാറുകളിൽ ആരാധകർ വേവലാതിപ്പെട്ടു ഓടി എത്തിയതും കുട്ടിക്കാലത്തെ പത്രവായന ഓർമ്മകളിൽ നിന്ന് മായാതെ കിടക്കുന്നു. ഇനിയുമേറെ എണ്ണിപ്പറയാൻ ഉണ്ട്.
അതിന്റെ അവസാനത്തെ പറച്ചിലുകളിൽ ഒന്നാണ് താടി വെച്ച മോഹൻലാലിനെ എത്രെ കാണണം?പഴയ മോഹൻലാൽ എവിടെ? . സിനിമയിൽ വന്നിട്ട് ഇന്നുവരെ ഒരു പടത്തിൽ പോലും താടി വെയ്ക്കാതെ അഭിനയിച്ചിട്ടേ ഇല്ലാത്ത നായകന്മാർ ഉണ്ട് തമിഴിലും തെലുങ്കിലും ഇങ്ങു മലയാളത്തിൽ പോലും.എനിക്ക് തോന്നുന്നത് താടി അവിടെ ഇരുന്നാൽ മോഹൻലാൽ അഭിനയത്തിന്റെ ലേശം മിസ്സ് അടിച്ചാലോ എന്ന ഒരു ഉൾപ്പേടി മലയാളിക്ക് ഉണ്ടാവാം… അതൊക്കെ കൊണ്ട് അവർ ഇങ്ങനെ വിമർശിച്ചു കൊണ്ടേ ഇരിക്കും. കാരണം എന്തെന്നോ. അവർക്ക് മോഹൻലാലിനെ അത്ര ജീവനാണ്. ലാൽ ഭാവങ്ങൾ എപ്പോഴും എന്തിനെ ഒക്കെയോ റിലേറ്റ് ചെയ്തു മലയാളിയുടെ ഉള്ളിലൂടെ കടന്ന് പോയ്ക്കൊണ്ടേ ഇരിക്കുന്നു. മലയാളിക്ക് നന്നായിട്ട് അറിയാം ഒരു ഇൻജെക്ഷൻ കൊണ്ടൊന്നും മോഹൻലാലിന്റെ അഭിനയത്തെ നുള്ളി നോവിക്കാൻ പറ്റില്ലാന്ന്. എന്നാലും അവർ അത് ഒരു പരിഭവം പോലെ പറയും.. എന്തെന്നാൽ ലാൽ ഭാവങ്ങൾ പതിഞ്ഞു പോയ മനസ്സ് ആണ് അവരുടേത്.. മലയാളിയുടേത്…
ചിലപ്പോൾ ഇവിടെയും ഈ എഴുത്തിനു താഴെയും വരും… നിങ്ങൾ ഇത്രേം ഒക്കെ പറഞ്ഞല്ലോ പക്ഷേ… വിട്ടുകളയ് ചേട്ടാ, ലാൽഭാവങ്ങൾ പതിഞ്ഞു പോയ മനസ്സാണെയ് ❤️😍
















