തിരുവനന്തപുരം: സിൽവർ ലൈൻ ഉൾപ്പെടെ പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകില്ലെന്നു ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾക്കെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാര് ഒരു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർലൈനു കല്ലിടലുമായി മുന്നോട്ടു പോകുമോ എന്ന ചോദ്യത്തിന് ‘കല്ലും ഇടും എന്നാൽ കല്ലിടുന്നതിൽ നിർബന്ധവുമില്ല’ എന്ന് ഉത്തരവിലുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏതു പദ്ധതി വന്നാലും എതിർപ്പുണ്ടാക്കുന്ന നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടാകും. കല്ലിടുന്നതിനോടുള്ള പ്രതിഷേധമല്ല, ഒരു പദ്ധതി നടപ്പിലാക്കാൻ പാടില്ല എന്നു കരുതുന്നവരാണ് പ്രതിഷേധത്തിനു പിന്നിൽ. വികസനം നടന്നാലേ സാമ്പത്തിക പുരോഗതിയുണ്ടാകൂ. വികസനം വേണ്ട എന്നു പറയുന്നത് സംസ്ഥാനത്തെ പുറകോട്ടടിക്കും.
പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ല. വികസന പദ്ധതികൾക്കെതിരേയുള്ള ഏതു തരത്തിലുള്ള എതിർപ്പുകളേയും വിധ്വംസക നീക്കങ്ങളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങൾ സർക്കാരിനു പകർന്നു നൽകുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സിൽവർലൈനിനു എതിരെ തുടർ സമരങ്ങൾ സംഘടിപ്പിച്ച മേഖലകളിൽ പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഫിനു മികച്ച വിജയം നേടാനായത്.
ഇതുവരെ സംസ്ഥാനത്തിനു സാമ്പത്തിക പ്രതിസന്ധിയില്ല. പക്ഷേ, കേന്ദ്രം ആവശ്യമായ സഹകരണം നൽകണം. അതിനുള്ള തുടർ നടപടിയാണ് സംസ്ഥാനം സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















