ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് നോട്ടിസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ സുപ്രിംകോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജൂലൈ 11ന് ഇഡിയുടെ ഹര്‍ജി സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്. കേസിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യംചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
















