വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ആശങ്ക പടരുന്നു. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകരാഷ്ട്രസംഘടനയുള്‍പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങള്‍ ആശങ്കയിലാണ്.
സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇതുവരെ വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുള്ളതായി അധികൃതര്‍ അറിയിച്ചു. സ്‌പെയിനില്‍ വെള്ളിയാഴ്ച 14 പേര്‍ക്കു കൂടി വൈറസ്ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി.
പനി, തലവേദന, ത്വക്കില്‍ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരിലാണ് അധികരോഗവ്യാപനമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കൂടാതെ ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















