കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം. കഴിഞ്ഞദിവസം ഇയാൾ ദുബായിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് അറിയിച്ചത്. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാർ ഇല്ലാത്ത രാജ്യമാണ് ജോർജിയ.
നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു നേരത്തേ അയച്ച മെയിലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിൽ വീഴ്ചവരുത്തിയതിനാൽ വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നായിരുന്നു ഈ നടപടി.
പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. നടി പരാതി നൽകിയതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.
വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
















