മാറനല്ലൂർ : പഞ്ചായത്തിലെ മിനി ഓഡിറ്റോറിയം നിർമാണം വിവാദത്തിലേക്ക്. ഒരുമാസം മുമ്പാണ് മാറനല്ലൂർ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കൃഷിഭവനു മുകളിലായി മിനി ഓഡിറ്റോറിയത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുകൾഭാഗത്ത് ഷീറ്റ് മേയുന്ന ജോലികൾ പൂർത്തിയായി. രണ്ട് ദിവസങ്ങൾക്കു മുമ്പ് മുൻ പഞ്ചായത്തംഗവും ബി.ജെ.പി. നേതാവുമായ പി.മുരളീധരൻ നായർ കൃഷിഭവനു മുകളിലായി അനധികൃതമായാണ് കെട്ടിടം നിർമിക്കുന്നതെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കൃഷിവകുപ്പിന്റെ അനുമതിയോടുകൂടിയാണോ കെട്ടിടം നിർമാണം നടക്കുന്നതെന്നും, ഏത് ഫണ്ടാണ് കെട്ടിടനിർമാണത്തിന് വകയിരുത്തിയതെന്നും പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരമാണോ നിർമാണം നടക്കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറിയോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടുണ്ട്.
ഇതേ തുടർന്നാണ് തത്കാലം പണി നിർത്തിവെച്ചത്. എന്നാൽ, പണി ഉടൻ ആരംഭിക്കുമെന്നും സർക്കാർ സ്ഥാപനങ്ങളിൽ നിർമാണം നടത്തുന്നതിന് അനുമതി ആവശ്യമില്ലെന്നും വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി ജീവൻ പറഞ്ഞു.
















