കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കനത്തമഴയാണ് അനുഭവപ്പെടുന്നത്. മലയോര ജില്ലകളില്‍ റെഡ് അലെര്‍ട്ടും മറ്റിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും ഉള്‍പ്പെടെ നല്‍കിയിരുന്നു. മഴ കനത്തതോടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടയിലായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. എറണാകുളം ബസ് സ്റ്റാന്റില്‍ വെള്ളം കയറിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടടി മറ്റ് നിരവധി വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ‘k-ചെമ്പോര്‍ഗനി മഴക്കാലത്ത് കൊച്ചിയിലെ ജനങ്ങള്‍ സ്വയം തുഴഞ്ഞുപോകാന്‍ കഴിയുന്ന ഇരട്ടചങ്കന്റെ സ്വപ്‌നപദ്ധതി. തൃക്കാക്കരയില്‍ കഴിഞ്ഞദിവസം മഴയോടുകൂടി ഉദ്ഘാടനം ചെയ്തു’ എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് കൊച്ചിയിലെ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍ നിന്നുള്ള ചിത്രമല്ല. എന്നാൽ പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തേതാണെന്ന രീതിയിലും കെ-റെയിലുമായി ബന്ധപ്പെടുത്തിയും പലരും പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ചപ്പോൾ ചില വെബ്‌സൈറ്റുകളില്‍ ഇതേ ചിത്രം കണ്ടെത്താനായി. ഇതില്‍ നിന്ന് ചിത്രം ഇപ്പോഴത്തേതല്ലെന്നും കൊച്ചിയിലേതല്ലെന്നും മനസിലായി. സീ ന്യൂസ് 2019ല്‍ ഇതേ ചിത്രം ഉള്‍പ്പെടുന്ന വാര്‍ത്ത നല്‍കിയിരിക്കുന്നതായി കണ്ടെത്താനായി. ‘പ്രളയ പ്രഹസനം പാദം മുങ്ങുന്നിടത്ത് ചെമ്പിലിരുന്ന് കോണ്‍ഗ്രസ് നേതാവ്’ എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ പറയുന്നത് കോഴിക്കോട് ഏരാമലയില്‍ നിന്നുള്ളതാണെന്ന വിവരമാണ്. 2019ലെ മഴയില്‍ കോഴിക്കോട് ജില്ലയില്‍ അനുഭവപ്പെട്ട പ്രളയത്തില്‍ നിന്നുള്ള ചിത്രമാണിത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോട്ടെയില്‍ രാധാകൃഷ്ണനാണ് ചിത്രത്തിലെ ചെമ്പിനുള്ളില്‍ ഇരിക്കുന്നയാള്‍. ഏറാമല പഞ്ചായത്തിലെ വെള്ളാറെയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ചെറിയ വെള്ളക്കെട്ട് മാത്രമുള്ളയിടത്ത് ചെമ്പില്‍ കയറി പോയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരിഹാസമാണ് രാധാകൃഷ്ണന്‍ ഏറ്റുവാങ്ങിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
എന്നാല്‍ കാലില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാലാണ് ഇത്തരത്തില്‍ വെള്ളം നനനയാതെ സഞ്ചരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പിന്നീട് വിശദീകരണം നല്‍കിയതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. ക്യാമ്പ് സന്ദര്‍ശിച്ച വിവരം പങ്കുവച്ചുകൊണ്ട് രാധാകൃഷ്ണന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. പലരും അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കമെന്റുകള്‍ നല്‍കിയിരിക്കുന്നതും കാണാനാകും. രാധാകൃഷ്ണന്റെ പോസ്റ്റ് താഴെ കാണാം. അതേസമയം, കൊച്ചിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതായി വാര്‍ത്തകളില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിന് ഇതുമായി ബന്ധമില്ല.