സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കോടതി തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കും. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയത്.2021 ജൂൺ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാര്‍ മാത്രമാണ് പ്രതി.
ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
















