കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ ഒളിവിൽ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദാക്കി. ഇതോടെ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്‍റെ വിസയും റദ്ദാകും. കേന്ദ്ര വിദേശകാര്യ വകുപ്പിന്‍റേതാണ് നടപടി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിജയ് ബാബു വേറെ ഏതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.
കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.
















