തിരുവനന്തപുരം: കെ സുധാകരനെതിരെ നടത്തിയ പരാമർശത്തിൽ യൂത്ത് കോൺഗ്രസ്സ് സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി നൽകി. കെ സുധാകരൻ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചു എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എം.വി ജയരാജന്റെ പ്രസ്താവന സമൂഹത്തിൽ കലാപം സൃഷ്ടിക്കാനാണെന്നും പരാതിക്കാർ കുറ്റപ്പെടുത്തി.
പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ലെന്നും, ഇതുപോലെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നുമായിരുന്നു എം.വി. ജയരാജന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട് പ്രതികരിക്കവേയാണ് എം.വി. ജയരാജൻ ഇത്തരത്തിൽ പ്രതികരിച്ചത്.
ധിക്കാരവും അധിക്ഷേപവുമാണ് കെ സുധാകരന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്‍റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു. എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണ് തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർത്ഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് വർധിക്കുകയാണ് ചെയ്തതെന്നും എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ പറയുന്നത്.തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം.
















