കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്ത്. സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമായ പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. പിന്നീട് അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അവസാനിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ വിമർശിക്കുന്നവർ ആളുകളെ ഏതൊക്ക ഭാഷയിൽ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല ചൂണ്ടികാട്ടി. അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന തെറ്റായ ധാരണ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ താമസിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്ദാനം നൽകുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സംഭവങ്ങൾ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനം ആണ് തൃക്കാക്കരയിൽ നടക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർച്ചു.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി സെക്‌ഷന്‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെ സിപിഐഎം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരൻ അറിയിച്ചിരുന്നു.
















