പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലാണ് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിത്തിയത് . അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ട് പൊലീസുകാരെയും രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും രാത്രി ഇവര്‍ മീന്‍ പിടിക്കാന്‍ പോയിരുന്നെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. അതിനാല്‍തന്നെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് സംബന്ധിച്ച് ദുരൂഹത ഉയര്‍ന്നിരുന്നു. മാത്രമല്ല, മരിച്ചതിന് ശേഷം മൃതദേഹങ്ങള്‍ വയലില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
















