നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നുവീണതിന് പിന്നാലെ സര്‍ക്കാരിന്റെ കീഴിലുള്ള ഐടി മിഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നുവീണു. പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ദിവസേന നിരവധിയാളുകള്‍ എത്തിച്ചേരുന്ന തിരുവനന്തപുരത്തെ ഐടി മിഷന്‍ ആസ്ഥാനത്താണ് രാവിലെ അപകടമുണ്ടായത്. സംഭവ സമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
സമീപത്ത് പുരോഗമിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് മുകളിലേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വന്നുവീണത്. കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഗുണനിലവാരമില്ലായ്മയും സംശയമുനയിലാണ്. തകര്‍ന്നുവീണ കൈവരിയും കോണ്‍ക്രീറ്റ് സ്ലാബുകളും വീണുകിടക്കുന്നത് വലിയ ഒരു മരത്തിന്റെ വേരിന് മുകളിലാണ്. ഇത് നീക്കം ചെയ്യാതെയാണ് നിര്‍മ്മാണം നടത്തിയത് എന്നര്‍ത്ഥം.
കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ആദ്യം വിശദീകരിച്ചത് കിഫ്ബിയായിരുന്നു. ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നും ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും കിഫ്ബി വ്യക്തമാക്കി. ഇത് ഏറ്റുപിടിച്ച് കരാറുകാരായ ഊരാളുങ്കലും പിന്നാലെ പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി.
















