പുതിയതായി ആരംഭിക്കാൻ ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവും കൂടുതൽ വരുന്നത് തൃശൂർ ജില്ലയിൽ. തൃശ്ശൂരിൽ 23 എണ്ണമാണ് തുടങ്ങുക. തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയിൽ 21 എണ്ണവും തുടങ്ങാനാണു തീരുമാനം. നിലവിൽ പട്ടികയിലെ പല സ്ഥലങ്ങളിലും മദ്യക്കടയുണ്ട്. തിരക്കു കണക്കിലെടുത്താണ് ഇവിടെത്തന്നെ പുതിയതിനുള്ള ശുപാർശ.
ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മൺറോ തുരുത്ത്, മാരാരി ബീച്ച്, വീഗാലാൻഡ്, അതിരപ്പിള്ളി, മലമ്പുഴ, വൈത്തിരി എന്നിവിടങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ മദ്യക്കട വേണമെന്നാണ് ശുപാർശ. ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 ഉം തുടങ്ങാനുള്ള പട്ടികയാണു ബവ്കോ സർക്കാരിനു കൈമാറിയിരുന്നത്.
വരിയിൽ നിൽക്കാതെ, ഉപയോക്താവിനു സ്വന്തമായി കുപ്പി എടുത്ത് ബിൽ കൗണ്ടറിലെത്താൻ കഴിയുന്ന വാക്ക് ഇൻ കടകൾ തുറക്കാനാണു നിർദേശം. ഇതിനു ചുരുങ്ങിയത് 2500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം വേണ്ടിവരും. സ്കൂൾ, ആരാധനാലയം എന്നിവിടങ്ങളിൽ നിന്ന് 200 മീറ്റർ ദൂരമിട്ട് ഇത്രയും സ്ഥലസൗകര്യമുള്ള കെട്ടിടം കണ്ടെത്തണം.എന്നാൽ ഇവിടെങ്ങളിൽ എത്രയെണ്ണം തുടങ്ങുമെന്നോ, പട്ടികയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം എക്സൈസ് വകുപ്പിനും ബവ്കോയ്ക്കും ലഭിക്കുന്നതിനനുസരിച്ച് കടകൾ തുറക്കാനുള്ള നടപടി തുടങ്ങും.
കോർപറേഷനുകളിൽ തിരുവനന്തപുരം , കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ഒന്നിലധികം മദ്യശാലകൾ വേണ്ടത്. മുനിസിപ്പാലിറ്റികളിൽ കാസർകോട് , പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കുന്നത്തുകാൽ എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാർശയുണ്ട്. എന്നാൽ ബവ്കോ സമർപ്പിച്ച പട്ടികയിലെ മുഴുവൻ മദ്യക്കടകളും തുടങ്ങാൻ തീരുമാനിച്ചാൽ പോലും അതു പ്രാവർത്തികമാകാൻ വർഷങ്ങൾ വേണ്ടിവരും.
















