സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പെട്രോൾ തീർന്നതായി റിപ്പോര്‍ട്ട്. ദ്വീപ് രാഷ്ട്രത്തിന് പുതിയ സ്റ്റോക്ക് വാങ്ങാൻ ആവശ്യമായ പണമില്ല എന്നും ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകൾക്ക് പുറത്ത് ക്യൂ നിൽക്കുന്നത് നിർത്താൻ ജനങ്ങളോട് സര്‍ക്കാര്‍ അഭ്യർത്ഥിക്കുന്നതായും മാധ്യമ റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ തലസ്ഥാന നഗരമായ കൊളംബോയിൽ പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്.
അടുത്ത രണ്ട് ദിവസത്തേക്ക് സർക്കാരിന് പെട്രോൾ വിതരണം ചെയ്യാൻ കഴിയില്ല.മൂന്ന് ദിവസം കൂടി എടുക്കും.വെള്ളിയാഴ്ച മുതൽ എല്ലാ ഫില്ലിംഗ് സ്റ്റേഷനുകളിലേക്കും പെട്രോൾ വിതരണം പൂർത്തിയാക്കും രാജ്യം പെട്രോൾ ലഭ്യതയുടെ പ്രശ്‍നം നേരിടുന്നുണ്ടെന്നും പെട്രോൾ വാങ്ങാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നും ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജേശേഖര പാർലമെന്റിൽ പറഞ്ഞിരുന്നു. മാർച്ച് 28 മുതൽ, ശ്രീലങ്കൻ കടലിൽ പെട്രോളുമായി ഒരു കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്, അതേ കപ്പലിന് 2022 ജനുവരിയിൽ മുമ്പത്തെ ഷിപ്പ്‌മെന്‍റ് ഇനത്തില്‍ 53 ദശലക്ഷം ഡോളർ കൂടി നൽകാനുണ്ടെന്ന് വിജശേഖര വ്യക്തമാക്കി.
“ഇതിനാലാണ് ഇന്ധനത്തിനായി ക്യൂവിൽ നിൽക്കരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഡീസലിന് ഒരു പ്രശ്നവുമില്ല. പക്ഷേ, ദയവു ചെയ്ത് പെട്രോളിനായി വരിയിൽ നിൽക്കരുത്. ഞങ്ങൾക്ക് പരിമിതമായ പെട്രോൾ സ്റ്റോക്ക് മാത്രമേയുള്ളൂ, അത് അവശ്യ സേവനങ്ങൾക്ക്, പ്രത്യേകിച്ച് ആംബുലൻസുകൾക്ക് വിതരണം ചെയ്യാൻ ശ്രമിക്കുന്നു.” എന്നും മന്ത്രി പറഞ്ഞു. എന്നാൽ , രാജ്യത്തിന് മതിയായ ഡീസൽ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
“ഇതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ദിവസേനയുള്ള ഇന്ധനം വാങ്ങുന്നതിലൂടെ മാത്രമേ മുച്ചക്ര വാഹനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് മനസിലാക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇന്ധനത്തിനായി ക്യൂവിൽ നിൽക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു..” എന്നും വിജേശേഖര പറഞ്ഞു.1948 ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.
















