തൃപ്പൂണിത്തുറ: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ നേട്ടം കൈവരിക്കാനായെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടു സിറ്റിങ് സീറ്റുകൾ നഷ്ടമായതിന്റെ ഞെട്ടലിലാണ് എൽ.ഡി.എഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും മറച്ചുവെക്കാനാകില്ല. തൃപ്പൂണിത്തുറയിലെ രണ്ടു വാർഡുകളിലും വോട്ടുവിഹിതം ഉയർത്താൻ ബി.ജെ.പിക്ക് സാധിച്ചത് പ്രദേശത്ത് സ്വാധീനം വർധിക്കുന്നതിന്റെ തെളിവാണെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. അതേസമയം 11 ാം വാർഡ് നേരത്തേ എൻ.ഡി.എയുടെ സിറ്റിങ് സീറ്റായിരുന്നു. അന്നും വള്ളി രവി തന്നെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വള്ളി രവിയിൽനിന്ന് എൽ.ഡി.എഫിന്റെ കെ.ടി. സൈഗാൾ പിടിച്ചെടുക്കുകയായിരുന്നു. സൈഗാളിന്റെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നതും വള്ളി രവിക്കുതന്നെ സീറ്റ് വീണ്ടെടുക്കാനായതും.
49 അംഗ നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന് 25 അംഗങ്ങളുടെ പിന്തുണ വേണം എന്നിരിക്കെയാണ് രണ്ട് സിറ്റിങ് സീറ്റുകൾ കൂടി എൽ.ഡി.എഫിന് നഷ്ടമായത്. കേവല ഭൂരിപക്ഷം സാധ്യമാകണമെങ്കിൽ ബി.ജെ.പി.യുടെ പിന്തുണ നേടുകയോ യു.ഡി.എഫ് പിന്തുണക്കുകയോ വേണം. എന്നാൽ, ബി.ജെ.പി.യുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് തയാറാകാത്തതിനാൽ അവിശ്വാസപ്രമേയ സാധ്യത ഇല്ലെന്നത് എൽ.ഡി.എഫിന് ആശ്വാസമാകും. 11 ാം വാർഡിൽ ഇളമനത്തോപ്പിൽ കഴിഞ്ഞ തവണ യു.ഡി.എഫ്. നേടിയത് 144 വോട്ടായിരുന്നു. എന്നാൽ, ഇത്തവണ 70 വോട്ടായി ചുരുങ്ങി.
















